സാമൂഹ്യ മാധ്യമങ്ങളിലെ വിചാരണ നീതി നിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി
സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വിചാരണകളെ നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് പാര്‍ദിവാല. 'ബഹുജനാഭിപ്രായവും നിയമവാഴ്ചയും: സുപ്രീം കോടതി ഓഫ് ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് ബിജെപി നേതാവായിരുന്ന നൂപുർ ശർമ്മയ്ക്കെതിരെ കോടതിയിൽ പരാമർശങ്ങൾ നടത്തിയ ജസ്റ്റിസ് പാര്‍ദിവാല സോഷ്യൽ മീഡിയ വിചാരണക്കെതിരെ ശക്തമായി പ്രതികരിച്ചത്. നൂപുർ ശർമ്മയ്ക്കെതിരെ പരാമർശങ്ങൾ നടത്തിയതിന് സാമൂഹ്യമാധ്യമങ്ങളിൽ ഒരു വിഭാഗം ജഡ്ജിക്കെതിരെ അധിക്ഷേപങ്ങളുയർത്തിയിരുന്നു
കേസുകളുടെ വിചാരണ നടത്തേണ്ടത് അടിസ്ഥാനപരമായി കോടതികളിലാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ നടത്തുന്ന അന്യായ ഇടപെടല്‍ ലക്ഷ്മണ രേഖ പലപ്പോഴും കടക്കുന്നുവെന്നും ജസ്റ്റിസ് പാര്‍ദിവാല പറഞ്ഞു. ഡോ. രാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയും, നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ഒഡിഷയും, കാന്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന മെമ്മോറിയല്‍ ദേശീയ സിമ്പോസിയത്തിലായിരുന്നു പാര്‍ദിവാല സാമൂഹ്യ മാധ്യമ വിചാരണക്കെതിരെ നിലപാടെടുത്തത്.
സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ വിചാരണ അവസാനിക്കുന്നതിനു മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങള്‍ വിധിപ്രസ്താവം നടത്തുന്നു. ഇത് കോടതികളുടെ നീതി നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നു. കേസുകളില്‍ വിധി വരുന്നതിന് മുന്‍പ് തന്നെ കുറ്റാരോപിതനുള്ള ശിക്ഷ സമൂഹം വിധിക്കുകയാണ്. സമൂഹം പ്രതീക്ഷിച്ച രീതിയിലുള്ള ശിക്ഷ കുറ്റാരോപിതന് ലഭിക്കാത്ത പക്ഷം ജഡ്ജിമാര്‍ക്ക് നേരെ നടത്തുന്ന ആക്രമണം അപകടകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. നീതിന്യായ നടപടികള്‍ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമാകാന്‍ സാധിക്കില്ല. ഭൂരിപക്ഷ താല്പര്യമില്ല മറിച്ച് ഭരണഘടനയും നിയമവാഴ്ചയുമാണ് ഓരോ കോടതിയും ഉയര്‍ത്തിപിടിക്കേണ്ടത്.
ഒരു വിധി, അത് ശരിയായാലും തെറ്റായാലും അതിനുള്ള പരിഹാരം ഇന്ത്യന്‍ ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോടതികളാണ് നല്‍കേണ്ടത്. അതിനുള്ള പരിഹാരത്തിനായി സമീപിക്കേണ്ടത് സാമൂഹിക മാധ്യമങ്ങളെയല്ല, മേല്‍ക്കോടതികളെയാണ്. അവര്‍ക്ക് മാത്രമേ അതിനുള്ള പ്രതിവിധി നല്‍കാന്‍ സാധിക്കൂ -ജസ്റ്റീസ് പാര്‍ദിവാല ചൂണ്ടിക്കാട്ടി.
സാമൂഹിക മാധ്യമങ്ങളാണ് പല കേസുകള്‍ക്കും മറ്റൊരു നിറം നല്‍കി അതിനെ രാഷ്ട്രീയവത്കരിക്കുന്നത്. ഇത് ശരിയായ കീഴ്വഴക്കമല്ല. അയോദ്ധ്യ കേസ് അതിന്റെ ഉദാഹരണമാണ്. അത് അടിസ്ഥാനപരമായി ഒരു ഭൂമിയുടെ പേരിലുള്ള അവകാശ തര്‍ക്കമായിരുന്നു. എന്നാല്‍ അന്തിമ വിധി വരുമ്പോഴേക്കും വിഷയം രാഷ്ട്രീയ തലത്തില്‍ എത്തിയിരുന്നെന്ന് ജസ്റ്റിസ് പറഞ്ഞു.
കോടതിയുടെ പരിഗണയിലുള്ള കേസുകളില്‍ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന ഇടപെടലുകളെ നിയന്ത്രിക്കാന്‍ കൃത്യമായ നിയന്ത്രണ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതിന്യായ പ്രക്രിയകളില്‍, പ്രത്യേകിച്ച് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളില്‍ ഇടപെടുന്നതിന്റെ പരിധി നിശ്ചയിക്കുന്നതിന് 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 1971ലെ കോടതിയലക്ഷ്യ നിയമം, 1971-ലെ നിയമഭേദഗതികള്‍ പോലുള്ള നിരവധി നിയമനിര്‍മ്മാണങ്ങള്‍ നിലവിലുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.